Friday 29 May, 2009

മൃഗശാല/ടി.പി വിനോദ്


വിശന്നു മുരളുന്ന
സിംഹത്തെ കാണുമ്പോള്‍
ഇരുമ്പിനെ കമ്പികളാക്കാമെന്നും
കമ്പിയെ അഴികളാക്കാമെന്നും
കണ്ടെത്തിയവരെ
നന്ദിയോടെ ഓര്‍ക്കും.

സ്വയംഭോഗം ചെയ്യുന്ന
കുരങ്ങുകള്‍ക്കുമുന്നില്‍
ആണ്‍കുട്ടികള്‍
‍പെണ്‍കുട്ടികളുടെ ദേഹത്തുതട്ടാതെ
ശ്രദ്ധാലുക്കളാകും.

പഴയ ചിത്രകഥകളുടെ
ഹരംനിറഞ്ഞ ഓര്‍മ്മകളുണര്‍ത്തി
ചെളിവെള്ളത്തില്‍
അനങ്ങാതെ പൊങ്ങിനില്‍ക്കും
മുതലകള്‍ .

അടര്‍ന്നു പോരാതെ
ആഞ്ഞുപിടിക്കുന്ന ഉടുമ്പുകളെ
ഭിത്തിയില്‍ മക്കള്‍ക്ക് കാണിച്ചുകൊടുക്കും.

ഒരു മൃഗശാലയെങ്കിലും വേണം
ഓരോ നഗരത്തിലും.

ലാപുട

2 comments:

. said...

താങ്കളുടെ ഭാവനയ്ക്ക്‌ ഉയർന്ന നിലവാരമുണ്ട്‌
എന്നാൽ അതിനോട്‌ നീതി പുലർത്താൻ ഭാഷയ്ക്ക്‌
കഴിയുന്നില്ലെന്നെനിയ്ക്ക്‌തോന്നി
.നിശാശലഭത്തിലെ കമന്റിൽ നിന്നാണ്‌ നിങ്ങളെ
പരിചയപ്പെട്ടത്‌ "ദീപസ്തംഭം മഹാശ്ചര്യം
എനിയ്ക്കും കിട്ടണം കമന്റ്‌ "എന്ന ബ്ലോഗ്ഗ്‌
ശൈലിയിൽ നിന്ന്‌ വ്യത്യസ്തമായ കമന്റാണ്‌
നിങ്ങളുടെ അടുത്തേയ്ക്ക്‌ വരാൻ കാരണം.ഇത്തരം
ആളുകൾ കൂടുതലുണ്ടായിരുന്നെങ്കിൽ പലരുടെയും
ബ്ലോഗ്ഗ്പനി എന്നേ തീർന്നേനെ.
അതുകൊണ്ട്‌ എന്റെ വീട്ടിലേയ്ക്കും വരിക
ഞാനുമിവിടെ പനിപിടിച്ച്‌ കിടപ്പാണ്‌
ഒന്നുമില്ലെങ്കിൽ എത്ര ഡിഗ്രി ചൂടുണ്ടെന്നെങ്കിലും
അറിയാമല്ലോ.

തിരുവല്ലഭൻ said...

ഞാൻ കവിതകളുടെ ആരാധകനല്ല. ബ്ലോഗ്‌ വായനയും കുറവ്‌. പക്ഷേ മൃഗശാല വ്യത്യസ്ഥമായിരിക്കുന്നു. ഭാഷയെക്കുറിച്ചുള്ള മുൻ കമന്റ്‌ അവഗണിക്കുക. സ്വന്തം ഭാഷയിൽ എഴുതുക. കൃത്രിമമായി ഭാഷാ സൗന്ദര്യം വർദ്ധിപ്പിക്കുന്നത്‌ പഴയകാല നടിയെ ചായം തേപ്പിച്ച്‌ നായികയാക്കും പോലെ ചെടിപ്പിക്കും.

എന്നാൽ ഒരു മൃഗശാലയിൽ ഇത്രയുമേ ഉള്ളോ. ഒരിക്കൽ കൂടി മൃഗശാലയിൽ പോകൂ. തനിയെ. എന്നിട്ട്‌ ഒരു പകൽ, മഴയുണ്ടെങ്കിൽ കൂടുതൽ നന്ന്, അലഞ്ഞു നടക്കൂ. എന്നിട്ട്‌ കവിത അപ്പെന്റ്‌ ചെയ്യൂ. ഈ കവിത അതിന്റെ സ്വാഭാവിക വളർച്ച എത്തുമ്പോൾ എനിക്കു വായിക്കണം.

കവിത പൂർണ്ണമാക്കുമ്പോൾ എന്നെ അറിയിക്കണേ.