Saturday 30 May, 2009

തൊട്ടുകാണിക്കാനാവാത്ത മുറിവുകള്‍/രാജ് നീട്ടിയത്ത്

ഉണങ്ങിത്തുടങ്ങുന്ന
ഒരു മുറിവിലേയ്ക്കു്
ചൂണ്ടുവിരല്‍
അല്പം വളച്ചുപിടിച്ചു്
ചുണ്ടു പിളര്‍ത്തി
കുട്ടി പറയും
‘ആവു..’
അമ്മയത്,
തൊട്ടു തടവിക്കൊടുക്കണം

എന്നാലും,
പുതിയ തൊലിയ്ക്കു്
നിറം വേറെയാണു്
ഒരു മുറിവിന്റെ ഓര്‍മ്മയാണു്

മറവി സ്ഥലം മാറ്റിയ
മുറിവില്‍ തൊട്ടു്
പിന്നെയും
കുട്ടി വ്യസനിക്കും
‘എവിടേ?
അമ്മ കാണട്ടെ?
ശോ, ഇല്യ കുഞ്ഞേ
ആവൂല്യാട്ടോ
ഒക്കെ പോയീ..’

ചെറുപ്പത്തിലെ
ശീലത്തില്‍ നിന്നാവണം
തൊട്ടുകാണിക്കാനാവാത്ത
മുറിവുകളോടെ വ്രണപ്പെടുമ്പോള്‍
ചില പഴയ മുറിപ്പാടുകളെ
ഇപ്പോഴും പരതിപ്പോകുന്നതു്

രാജ് നീട്ടിയത്ത്

3 comments:

സന്തോഷ്‌ പല്ലശ്ശന said...

ചെറിയ ചില കുറുക്കിയെടുക്കലുകള്‍ കൂടി ചെയ്താല്‍ കവിത കുറച്ചുകൂടി രസകരമാവും എന്നു തോന്നു... അഭിനന്ദനങ്ങള്‍..

ഷിനോജേക്കബ് കൂറ്റനാട് said...

കൊള്ളാം....

മഴവില്ലും മയില്‍‌പീലിയും said...

ithu aro cholliyathu kettirunnu..:) eshtamaayi