Tuesday 2 June, 2009

ചൂട് /ഉമ്പാച്ചി

അച്ചാച്ചന്‍ നട്ട മാവ്
വീട്ടു മുറ്റത്ത്
പുഞ്ചിരിക്കുമായിരുന്നു.
മുറിച്ചു കളയാന്‍ വച്ചതിന്‍റെ
തലേന്ന്
അതിന്‍റെ പേടിച്ചുള്ള നിലവിളി
വീട്ടിലെല്ലാവരും കേട്ടതാണ് .

നിനക്കതു പറഞ്ഞാല്‍ മനസ്സിലാവില്ല

അച്ചാച്ചന്‍ ഓടിച്ചിരുന്ന
സൈക്കിള്‍
ഓരോ രാത്രിയും
വിറകുപുരയുടെ
ചരിവില്‍
നിന്നുറങ്ങി
രാവിലേ അതിനെ തട്ടിയുണര്‍ത്തണമായിരുന്നു.

അച്ചാച്ചന്‍ പണിയിച്ച
ഓടിട്ട വീട്ടില്‍
മഴയും മഞ്ഞും
വന്നു താമസിച്ചിരുന്നു.
അലക്കാനിട്ട മുണ്ടും ബനിയനും
കുളത്തിലേക്കെടുക്കുമ്പോള്‍
വല്ലാതെ ഏങ്ങലടിച്ചിരുന്നു.

നിനക്കിതും മനസ്സിലാവില്ല

അച്ചാച്ചന്‍റെ കണ്ണടക്കപ്പുറം
കണ്ണൊരുപാട് ആഴത്തിലായിരുന്നു
കണ്ണടയുവോളം
കണ്ട ദൂരമൊന്നാകെ
അതില്‍ നിഴലിച്ചിരുന്നു

ഒന്ന് നിനക്കു മനസ്സിലാകും

അച്ചാച്ചന്‍ മരിച്ചു പോയ ദിവസം മുതല്‍
മാവും
സൈക്കിളും
വീടും
കണ്ണടയും
കാണാതായി

ഇത്രയും
ഒറ്റ ശ്വാസത്തില്‍ പറഞ്ഞിട്ട്
കണാരേട്ടന്‍
കീശയിലുണ്ടായിരുന്ന
പെന്‍ സിലെടുത്ത്
ചെവിയിലിട്ട് തിരിച്ചു
പിന്നെ പറഞ്ഞു : ‘എല്ലാറും കള്ളന്‍മാരാ...’

O നാട്ടുഭാഷയില്‍ ചൂട്, പിരാന്ത്, വട്ട് ...എല്ലാം ഭ്രാന്തിനു പര്യായം

ഉമ്പാച്ചി

2 comments:

കാസിം തങ്ങള്‍ said...

"ഒന്ന് നിനക്കു മനസ്സിലാകും

അച്ചാച്ചന്‍ മരിച്ചു പോയ ദിവസം മുതല്‍
മാവും
സൈക്കിളും
വീടും
കണ്ണടയും
കാണാതായി"

കാത്തിരിക്കയായിരുന്നോ മരിക്കാന്‍.

Sureshkumar Punjhayil said...

‘എല്ലാറും കള്ളന്‍മാരാ...’ Ee njanum...!!! Nannayirikkunnu. Ashamsakal...!!!