Wednesday 24 March, 2010

ഹില്ഷ‌ /സുനീഷ് കെ.എസ്






താരേക്ക് താരേക്ക് നിങ്ങളൊരു ശരിയായ ബംഗ്ളാദേശിയാണ്
ജീവിതത്തില്‍ ഒരിക്കലെങ്കിലും ബംഗ്ളാദേശിലേക്ക്
തിരിച്ച് പോകാനിടയാകില്ലേയെന്ന് പേടിക്കുന്ന‌വ‌നാണ്
ഷ‌ര്‍ട്ടിന്റെ പോക്ക‌റ്റിലെപ്പോഴുമൊരു
ചെറിയ‌ വിശുദ്ധ‌ഖുറാന്‍ ക‌രുതുന്ന‌വ‌നാണ്
സൂക്ത‌ങ്ങ‌ളുരുവിടുമ്പോള്‍ ക‌ണ്ണുക‌ള്‍ നിറ‌യുന്ന‌വ‌നാണ്
ന‌ല്ലൊരു മുസ്ളീം എന്നെപ്പോലെയാക‌രുതേയെന്ന്
എന്നോടെപ്പോഴും ആണ‌യിടുന്ന‌വ‌നാണ്
ഭായി-ഭായിയെന്ന് പ‌റ‌ഞ്ഞ് പ‌റ‌ഞ്ഞ്
1971 നു മുന്പ്
വെസ്റ്റ് പാകിസ്ഥാന്‍ ഈസ്റ്റ് പാകിസ്ഥാനില്‍
ന‌ട‌ത്തിയ‌ ന‌ര‌നായാട്ട് ഓര്‍ക്കുമ്പോള്‍,
സ്വാത‌ന്ത്ര്യത്തിന് വേണ്ടിയ‌ല്ലാ
ഭാഷ‌യ്ക്കും സംസ്ക്കാര‌ത്തിനും വേണ്ടിയാണ് ഞ‌ങ്ങ‌ള്‍
പാകിസ്ഥാനോട് ഗ‌റില്ലായുദ്ധം
ക‌ല്ലും ക‌വ‌ണ‌യും കൊണ്ട് ന‌ട‌ത്തിയ‌തെന്ന് പ‌റ‌യുമ്പോള്‍,
അന്നതിര്ത്തി കടന്ന് പലായനം ചെയ്തവരെ
കുടി പാര്‍പ്പിക്കനൊരു വെസ്റ്റ് ബംഗാളില്ലായിരുന്നെങ്കിലെന്നു വ്യാകുലപ്പെടുമ്പോള്‍,
അന്നിന്ദിരാഗാന്ധിയും ഇന്ത്യയുമില്ലായിരുന്നെങ്കിലെന്ന് പ‌റ‌യുമ്പോള്‍
സര്‍ക്കാര്‍ താരേക്ക് മഹ്മൂദ്...
നിങ്ങ‌ള്‍ വിയ‌ര്‍പ്പില്‍ ചോര‌ പൊടിയുന്ന‌വ‌നാണ്.

താരേക്ക് താരേക്ക്
പാകിസ്ഥാന്‍‌കാരന്‍ ന‌ട‌ത്തുന്ന‌ അഹ‌മ്മ‌ദ് സ്റ്റോറില്
മീന്‍ വാങ്ങാന്‍ ഞാന്‍ പോയ‌ത് നിങ്ങ‌ളോടൊപ്പ‌മാണ്
ഹില്ഷ‌ഫിഷിന് രുചിയേറെയാണെന്നെന്നോട് പ‌റ‌ഞ്ഞ‌ത് നിങ്ങ‌ളാണ്
ഹില്ഷ‌ ബംഗ്ളാദേശിക്ക്
വിശ‌പ്പും കൊതിയുമ‌ട‌ക്കാനുള്ളൊരു മീന് മാത്രമ‌ല്ല
അമീറും ഗ‌രീബും ക‌ഴിക്കുന്ന‌ ദേശീയ‌വികാര‌മാണ് ഹില്ഷ‌യെന്ന്
മ‌ര‌വിച്ച‌ മീനിനെ തൊട്ട് പ‌റ‌ഞ്ഞ‌ത് നിങ്ങ‌ളാണ്.

വൈകുന്നേരം ഞാന് ഹില്ഷ‌ വ‌റ‌ക്കുമ്പോളാണ്
വെസ്റ്റ്ബംഗാളിലേക്ക് ഹില്ഷ‌ ക‌യ‌റ്റിയ‌യ‌ക്കുന്ന‌ത്
ബംഗ്ളാദേശ് സ‌ര്‍ക്കാര്‍ നിര്‍ത്തിയെന്ന്
ദി ഡെയിലി ഇന്‍‌ക്വിലാബില്‍ നോക്കി
നിങ്ങ‌ള്‍ പ‌റ‌ഞ്ഞ‌ത്
കൊതി മൂത്ത‌ വെസ്റ്റ്ബംഗാള്‍
ഹില്ഷ‌യിനിയുമിനിയുമെന്നു
ബംഗ്ളാദേശിനോട് പ‌റ‌ഞ്ഞ‌പ്പോള്
പാവ‌പ്പെട്ട‌വ‌ന്റെ പിഞ്ഞാണ‌ത്തിലെ ഹില്ഷ‌
കാക്ക‌ കൊത്താന് തുട‌ങ്ങിയ‌പ്പോള്‍
ബംഗ്ളാദേശിന്റെ ദേശീയ‌മ‌ത്സ്യത്തെ
ക‌യ‌റ്റിയ‌യ്ക്കേണ്ടെന്ന് ബംഗ്ളാദേശ് തീരുമാനിച്ചു.

പിറ്റേന്ന് രാവിലെ ചോറിനൊപ്പം മീനെടുക്കാന് നോക്കിയ‌പ്പോള്
ഹില്ഷ‌ ര‌ണ്ടെണ്ണം ബാക്കി
ഒന്നെടുത്തിട്ടും രുചി ര‌ണ്ടാമ‌ത്തേതിന്റെ
പ‌കുതിയുമെടുപ്പിച്ചു
അപ്പോഴും ന‌യ‌ത‌ന്ത്രജ്ഞ‌ത‌ ഞാന്‍ പാലിച്ചു
ഒറ്റ‌ നോട്ട‌ത്തില് വ‌ലിയ‌ ക‌ഷ‌ണം കിട്ടിയെന്നേ താരേക്കിനു തോന്നൂ
താരേക്ക്
നിങ്ങ‌ള‌പ്പോള് സുഖ‌മായിട്ടുറ‌ങ്ങുക‌യായിരുന്നു.

വൈകുന്നേരം ഞാന് തിരിച്ചെത്തിയ‌പ്പോഴാണ്
ദി ഡെയിലി ഇന്ക്വിലാബില്‍ നിന്നും നിങ്ങ‌ള്‍ ത‌ല‌യുയ‌ര്‍ത്തിയ‌ത്
പ‌ക‌ര‌ത്തിനു പ‌ക‌രം വെസ്റ്റ് ബംഗാള് വീട്ടി
ഉരുള‌ക്കിഴ‌ങ്ങും സ‌ബോള‌യും ഇനി ബംഗ്ളാദേശിലേക്കില്ല
അല്ള്ളാ പാവ‌പ്പെട്ട‌വ‌നിനിയെന്തു ചെയ്യും
ഒരു ഭാഷയായിട്ടിങ്ങനെ
എന്ന് നിങ്ങ‌ള്‍ നെടുവീര്‍പ്പിട്ട‌പ്പോള്‍;
അങ്കിള്‍ സാമെന്നാല്‍ അമേരിക്ക‌യാണെന്നെന്നോടാദ്യം പ‌റ‌ഞ്ഞ
ദ‌സ്ക്യാപ്പിറ്റ‌ല്‍ വായിച്ച‌ ബംഗ്ളാദേശിയെന്നെനിക്കത്ഭുതമായ‌
റ‌ഷ്യ ക‌ഴിഞ്ഞാല്‍ ഏഷ്യയിലാദ്യം തൊഴിലാളിക‌ള്‍ക്കിടയില്‍
ക‌മ്മ്യൂണിസം പ‌ട‌ര്‍ന്നത് എന്റെ രാജ്യത്താണെന്ന് പ്രഖ്യാപിച്ച‌
ന‌ല്ലവ‌ന്‍ മാത്രമായ‌
സ‌ര്‍ക്കാര്‍ താരേക്ക് മ‌ഹ്മൂദ്,
സ്നേഹിക്കുന്ന‌തു പോലെ ത‌ന്നെ
നിങ്ങ‌ളെ മ‌ടുക്കാനും ഞാന്‍ പ‌ഠിച്ച‌തെങ്ങെനെയാണ്?
താരേക്ക് താരേക്ക്...
സുനീഷിന്റെ ബ്ലോഗ് >>ഞാനില്ലാത്തയിടം >>സുനീഷ്

No comments: