Sunday 28 March, 2010

ശാന്തിയെന്നൊരുത്തി /സുനീഷ് കെ.എസ്


ശാന്തിയുടെ ഭര്‍ത്താവ്
രാത്രികളില്‍
അയാള്‍ടെ പെട്ടിലാമട്ര*
ഇട്ടിരുന്നത്
ഞങ്ങടെ മുറ്റത്തായിരുന്നു.


താഴേപ്പറമ്പിന്റെ മൂലയ്ക്ക് നില്ക്കുന്ന‌
പുളിമരത്തിലെ വാളന്‍പുളി
ഞാന്‍ കയറി പറിച്ചിടുമ്പോഴാണ്
ഒരുമ്പെട്ടവള്‍ ചീറി വന്നത്.
ഞങ്ങടെ പറമ്പില്
പുളി കുലുക്കിയിടാന്‍ പറ്റൂല്ല‌
കൊല്ലിയില്* വീണ് ചീഞ്ഞാ
ഞങ്ങള് തന്നെ നാറ്റം സഹിക്കണം.
"പുളിമരം അതിരിനപ്പുറമിപ്പുറം
പടര്‍ന്നത് ഞങ്ങടെ കുറ്റാ?"
എന്ന വല്യമ്മച്ചീടെ ചോദ്യത്തിന്
അവളുത്തരം പറഞ്ഞത്
തെറി കൊണ്ടായിരുന്നു.
വല്യമ്മച്ചി ചീത്ത പറയുന്നത്
ആദ്യമായി കേട്ട് തരിച്ചിരുന്നതന്നാണ്
"നിങ്ങടെ ഒരു മൈ---ലും
ഞങ്ങടെ പുളി വിഴൂല്ലാ..."
പിറുപിറുത്തോണ്ടവളും
തുറിച്ച് നോക്കിക്കൊണ്ടവടെ
രണ്ട് പിള്ളേരും തിരിച്ച് പോയി.
കഴുവേര്‍ടമോള്‍ കാരണം
എനിക്കായിരുന്നു പണി മുഴുവനും
തോട്ടിക്കമ്പ് കൊണ്ട് സൂക്ഷിച്ച്
ഇപ്പുറത്തോട്ട് തന്നെ പറിച്ചിടണം.


നടവഴിയിലേക്ക് പോകാനിതുങ്ങക്ക്
വേലിയുടെ മൂല പൊളിച്ച്
പറമ്പിക്കൂടെ നടപ്പാത കൊടുത്തതാണ്
നമ്മള് ചെയ്ത തെറ്റെന്ന് പറഞ്ഞ്
വല്യച്ചന് പിറ്റേ ആഴ്ച തന്നെ
കരിങ്കല്ലിറക്കിയതിരില്‍ കമ്പിവേലി കെട്ടിച്ചു.

വല്ലവന്റേയും വണ്ടി കയറ്റിയിടാതിരിക്കാന്‍
വീടിന് മതിലും കെട്ടി.

അടുക്കളപ്പുറത്ത്
വല്യമ്മച്ചിയുടെ സില്ബന്ധിപ്പെണ്ണുങ്ങള്‍
തോരന് ചക്കക്കവണി വെട്ടിയരിയുമ്പോഴാണ്

ഇലവന്‍ കെവി ലൈനിടാന്‍ വന്ന‌
തമിഴന്മാരുടെ കൂടെ
ശാന്തി പോയതും തിരിച്ച് വന്നതും
മുറിഞ്ഞ് മുറത്തില് വീണത്.

അതിര് പ്രശ്നത്തില്‍
അപ്പുറത്തെ സാറിന്റെയാണ്മക്കള്‍
ശാന്തിയുടെ ഭര്‍ത്താവിനെത്തല്ലിയതും
ശാന്തിയെ പേടിപ്പിച്ചതും
സാറിന്റെയിളയ ചെക്കന്‍
സ്റ്റണ്ട് സിനിമ പോലെയാണ്
ഞങ്ങളെ
പറഞ്ഞു കേള്‍പ്പിച്ചത്.

എന്നാലും
പറമ്പിന്റെ മൂലയ്ക്കത്തെ
മാവിന്റെ കൊമ്പില്‍
പഠിയ്കാനെന്ന് പറഞ്ഞ്
കയറിയിരിക്കുമ്പോള്
എന്റെ കണ്ണെന്നും
അതിര്‍ത്തി കടന്നും നീളുമായിരുന്നു
പ്ലാസ്റ്റിക്ക് ചാക്ക് കൊണ്ട് മറച്ചൊരു കുളിമുറിയില്‍

വെളിപ്പെടാന്‍ സാധ്യതയുള്ള‌
കറുത്ത മുലക്കണ്ണുകളെയന്വേഷിച്ച്.
നാട് വിട്ട് കുറെ നാള്‍ നിന്നപ്പോഴെല്ലാം മറന്നു.

തിരിച്ച് വന്നപ്പോഴാണ് കണ്ടത്
എരണം കെട്ടവള്‍ മുക്കവലയില്‍ നിന്ന് തെണ്ടുന്നു
വിശക്കുന്നെന്ന് പറഞ്ഞ്.
കടന്ന് പോകുമ്പോള്‍
ഇതു വരെ കണ്ടിട്ടില്ലാത്ത‌
ശുഷ്ക്കിച്ച രണ്ട് മുലക്കണ്ണുകള്‍
ഈ രംഗം ഒപ്പിയെടുക്കുന്നുണ്ടോ-
യെന്നായിരുന്നെന്റെ വിചാരം.

--------------------------------------------------------------------------
*പെട്ടിലാമട്ര = പെട്ടിഓട്ടോ
*കൊല്ലി = ചെറിയ കിണര്‍

No comments: