Monday 3 August, 2009

മരങ്കൊത്തി /ടി പി അനില്‍ കുമാര്‍













മൂത്താശാരി പണിക്കിരുന്നാല്‍
ഉണക്കമരങ്ങള്‍പോലും
എണ്ണ കിനിഞ്ഞ് മലര്‍ന്നു കിടക്കും
ഇമകളടയുംപോല്‍
‍പഴുതില്ലാതെ ചേരും
കട്ടിളക്കാലും പടികളും

വാതിലില്‍ കൊത്തിയ
മുന്തിരിക്കുലകളില്‍
മധുരം നിറയും
നിദ്രയില്‍ വീടു വിട്ടിറങ്ങും
തരുണരാം മരപ്രതിമകള്‍

ജീവിതം മാത്രം
നീളവും വീതിയും
തെറ്റിമുറിച്ച പണിത്തരം

പണിക്കു വരാത്തെതെന്തേ?
എന്റെ മാവിന്‍ പലകകള്‍
വെയിലേറ്റു വളയുന്നു
ഓലവാതില്‍ മാറ്റണം
ഉറക്കം വരുന്നില്ല രാത്രിയില്‍
ഇരട്ടപ്പെണ്മക്കളെയേല്‍പ്പിച്ച്
ഒറ്റയ്ക്കു തൂങ്ങിയ
രാഘവന്റെ പെണ്ണ് ചോദിച്ചു

കല്‍പ്പൊടിയാലുളി തേച്ച്
തച്ചിനിറങ്ങി സൂര്യന്‍
മഴ ചോരും മാനത്തിന്‍
മേല്‍പ്പുര പുതുക്കുവാന്‍

അരിയും മുളകും തീര്‍ന്നു
മോള്‍ടെ പനി വിട്ടില്ല
ഇന്നെങ്കിലും വല്ലതും
വീട്ടിലെത്തിക്കണേ
ചട്ടിയും കലവും കലമ്പി

പനിമകളേ പനിമതീ
മധുരമുള്ള മരുന്ന്
വാങ്ങിവരാമച്ഛന്‍

മോന്തിയോളം മേടിയിട്ടെന്തിനാ
മരങ്കൊത്തീ...
ഇപ്പൊപ്പുറപ്പെട്ടാലെത്താം
ചെണ്ടയില്‍ കോലുവെയ്ക്കും മുന്‍പ്
വിളിച്ചു ചങ്ങാതി

വെയിലേറ്റു മുതുകു വളഞ്ഞ
മാമ്പലകകള്‍ മഞ്ഞു കൊണ്ടു
ഓലവാതില്‍ കയറിട്ടു കെട്ടി
പ്രാകിക്കിടന്നു
തൂങ്ങിച്ചത്തവന്റെ പെണ്ണ്

പാണന്റെ വിരലും കോലും
ചെണ്ടയില്‍ ചെത്തിപ്പണിതു
മേളഗോപുരങ്ങള്‍
പന്തങ്ങളെരിയും പൂരപ്പറമ്പില്‍
തിടമ്പേറ്റി നില്‍ക്കുമാനയുടെ
ചന്തം കണ്ടു നിന്നു മൂത്താശാരി
ഉള്ളില്‍ മധുരക്കള്ള് നുരഞ്ഞപ്പോള്‍
ഓര്‍മ്മവന്നു പനിമതിയെ‍

ടി പി അനില്‍ കുമാര്‍

No comments: