Wednesday 5 August, 2009

ഈരില മൂവില / ടി പി അനില്‍ കുമാര്‍

കൊടുങ്കാറ്റ് കടപുഴക്കിയ
വരിക്കപ്ലാവിലാണ്
എന്നെ കൊത്തിയത്
പുഴകുമ്പോളുണ്ടായ
നെടുനീളന്‍ പൊട്ടല്‍
ഇപ്പോഴുമുണ്ടുള്ളില്‍

നിരക്കെ കൂര്‍ക്ക നട്ട
കുന്നിന്‍ ചെരിവില്‍
ഒറ്റയ്ക്ക് പാര്‍ത്തിരുന്ന
നാരായണിയുടേതാണ്
എന്റെ അളവും അഴകും

മൂവില വിരിഞ്ഞ
കൂര്‍ക്കത്തലപ്പുകള്‍ ചവിട്ടി
പാതിരാനേരത്ത്
നിന്റെ അച്ചാച്ഛന്‍
നാരായണിയുടെ
അളവെടുക്കുമ്പോള്‍
ഓലമേല്‍ക്കൂരമേല്‍
ചന്ദ്രന്റെ
പതിനാലാം നമ്പര്‍ വിളക്ക്

രാപ്പകല്‍ വിശ്രമിക്കാതെ
മഞ്ഞമരക്കാതലില്‍നിന്ന്
ഉണര്‍ത്തിയെടുക്കുമ്പോള്‍
ഉളിവായ് തട്ടി
എനിയ്ക്ക് ഇക്കിളിപ്പെട്ടു
കൂര്‍ക്കയിലയുടെ പച്ചമണമെന്ന്
ആശാരിയെന്നെ
ഇടയ്ക്കിടെ മണത്തുനോക്കി

കശുമാവിന്‍ കാട്ടില്‍
ഒളിച്ചുപാര്‍ത്തിരുന്ന
കമ്യൂണിസ്റ്റുകാരെത്തേടിയ
കൂലിത്തെരച്ചിലുകാര്‍
നാരായണിയുടെ വീടെരിച്ചു
രഹസ്യമായ് ഉടലുമുടച്ചു
അല്ലെങ്കിലും, പ്രതിമയായ്
എത്രയോ കാലം ജീവിക്കേണ്ടതുള്ള
ഒരാള്‍ക്ക്
എന്തിനാണൊരു ചെറ്റപ്പുര!

ഈരില മൂവില പച്ചവിരിച്ച
ആ കുന്നിന്‍ ചെരിവ്
മണലെടുത്തു തീര്‍ന്നിട്ടുണ്ടാവും
മണ്ണിനേയും തൊഴിലിനേയും
വിചാരപ്പെട്ടിരുന്നവര്‍
സമരതന്ത്രങ്ങള്‍ പണിത
കശുമാവിന്‍ കാടുകള്‍
ഇപ്പോള്‍ പൂക്കുന്നുണ്ടാവില്ല

കാലം ഒന്നിനെ അതല്ലാതാക്കുമെന്ന്
നിനക്കറിയുമോ?
പണ്ടു പുഴകുമ്പോളുണ്ടായ
നെടുനീളന്‍ പൊട്ടലല്ലാതെ
മരത്തിന്റേതായ ഒന്നും
എന്നിലിപ്പോളില്ലെന്നിരിക്കേ
വെറുതെ നീ
തീ പെരുക്കുന്നതെന്തിന്?

ടി പി അനില്‍ കുമാര്‍

No comments: