Thursday 6 August, 2009

അച്ഛന്‍ /ടി പി അനില്‍ കുമാര്‍

പെണ്ണു പിന്നെയും പെറ്റു
പെണ്ണിനെത്തന്നെ
ബേന്‍ ചൂത്ത്‌!
എന്തുചെയ്യുമതിനെ
അഞ്ചാമതും പിറന്നത്‌
പിശാചിന്റെ സന്തതി
വെടിവച്ചു കൊല്ലണം

വീട്ടിലിരിപ്പുണ്ട്‌
പൂര്‍വികര്‍ കൈമാറിയ
നായാട്ടുതോക്കുകള്‍
ആര്‍ക്കു കൊടുക്കുമവയിനി
മയിലാഞ്ചിയിട്ട്‌ മക്കനയിട്ട്‌
തിന്നുമുടിക്കാനുണ്ടായ
അഞ്ചുപേര്‍ക്കു പകരം
തന്നില്ലല്ലോ ഒന്നിനെ
പെഷവാര്‍ മലകളില്‍
‍നായാട്ടിനു പോകാന്‍
‍തുണയായൊരാണ്‍കുട്ടിയെ

പുകയിലക്കുഴമ്പിനൊപ്പ-
മവജ്ഞയും രോഷവും തുപ്പി
പെഷവാറുകാരന്‍
ടാക്സിഡ്രൈവര്‍
മുഷിഞ്ഞ പൈജാമ
മുട്ടനാടിന്‍ മണം പെറ്റു
വനയാത്രയ്ക്കിടെ
പെട്ടെന്നു മുന്നിലെത്തിയ
കൂര്‍ത്ത കൊമ്പുകള്‍ കണ്ട്‌
ഭയന്നു ഞാന്‍

ഭൂമിയിലെ ഭംഗികളെയൊക്കെയും
ശപിക്കുന്നയാളസ്വസ്ഥനായ്‌
വളവിന്‍ ചാരുതയിലൂടെ
പാഞ്ഞുപോകുന്നു വാഹനം

അഞ്ചു പെണ്‍കുട്ടികള്‍
പഞ്ചനദികള്‍പോലെ
സ്നേഹത്തിന്റെ പ്രതിമ
പണിയാനുരുക്കിയ
പഞ്ചലോഹങ്ങള്‍പോലെ

എന്റെ ദൈവമേ!

പുറത്ത്‌ മൂര്‍ച്ചകൂട്ടും
വെയിലിന്‍ മുന തട്ടിയെന്റെ
കണ്ണുകള്‍ നനഞ്ഞു
തൊണ്ടയില്‍
ചുടുമണല്‍ നിറഞ്ഞു

ചങ്ങാതിയുടെ മകള്‍ക്ക്‌
പിറന്നാള്‍ സമ്മാനമായ്‌വാങ്ങിയ
പാവയുടെവയറില്‍
വിരലമര്‍ന്നപ്പോള്‍
അത്‌,
ഉറക്കത്തില്‍നിന്നുണര്‍ന്നപോല്‍
കരഞ്ഞു

ടി പി അനില്‍ കുമാര്‍

6 comments:

Sureshkumar Punjhayil said...

Penkuttikal mathramalla, Ankuttikalum ippol kollappedunnu, Vyapakamayi...!

Nalla post... Ashamsakal...!!

ഗിരീഷ്‌ എ എസ്‌ said...

അനിയേട്ടാ...
തീവ്രമായ വരികള്‍
ആശംസകള്‍...

anoopmr said...

ഇതിന്‍റെ ഇമേജുകളുമായായിരിക്കും എന്നെന്‍റെ ദിവസം മുഴുവന്‍. വരികളിലെ മല നിരകളും അതിലെ വളവുതിരിവുകളും ഉള്ളില്‍ നിറയുകയാണ്. പ്രിയ കവേ നിന്‍റെ കവിതയെന്നെ വേട്ടയാടുകയാണ്.

സസ്നേഹം,
അനൂപ്.എം.ആര്‍

Muyyam Rajan said...

Improper readability. Please use appropriate background

മഴക്കിളി said...

ഭയപ്പെടുത്തുന്ന വരികള്‍......

MOIDEEN ANGADIMUGAR said...

അശ്ലീല പദം ഒഴിവാക്കാമായിരുന്നു അനിൽ.