Wednesday 5 August, 2009

മരിച്ചവരുടേയും അല്ലാത്തവരുടേയും ഭാഷയില്‍ /ടി പി അനില്‍ കുമാര്‍

പഞ്ചാരയിട്ട് കത്തിച്ചതിനാല്‍
അസ്ഥിപോലുമുണ്ടായിരുന്നില്ല
ചാരം കുടത്തിലാക്കി
കിടപ്പു മുറിയില്‍ വച്ചിരിക്കുകയാണ്
ഇനി വരരുത്
അടുത്തു വന്നു കിടക്കരുത്
നിഴലുപോലെ പിന്തുടരരുത്

എന്നാലും
പൌര്‍ണമികളില്‍
അമാവാസികളില്‍
മറ്റെല്ലാ രാത്രികളിലും
കുടം കര്‍പ്പൂരം മണക്കും
മുക്കുവന്റെ ഭൂതം പോലെ
ചാരം പെണ്‍രൂപം കൊള്ളും
ഉറക്കം വിട്ടൊഴിയാത്ത സ്വരത്തില്‍
ചെവിയില്‍ ചോദിക്കും

മുറ്റത്തുനിന്ന് പൂക്കളിപ്പോഴും
കളവു പോകുന്നുണ്ടോ?
ഒളിനഖങ്ങളുമായി കള്ളപ്പൂച്ച
അടുക്കളയിലെത്താറുണ്ടോ?
നീലക്കണ്ണുള്ള അറബിയാണോ
ഇപ്പോഴും അടുത്ത വീട്ടില്‍ താമസം?
എന്നെക്കണ്ടാല്‍
നെഞ്ചിലേയ്ക്കുമാത്രം നോക്കാറുള്ള
ബംഗ്ലാദേശിച്ചെക്കനെവിടെയുണ്ട്
നിന്നെക്കാള്‍ ആര്‍ത്തിയാണവന്

ആരുമായാണ് പാതിരാ ചാറ്റ്
നൈജീരിയാക്കാരി ഹവ്വയോ?
അവള്‍ക്കു മൊബൈല്‍ഫോണ്‍
അയച്ചു കൊടുത്തോ?
അതോ നിന്റെ സിറിയാക്കാരനോ
ആദമായാലും ഹവ്വയായാലും
നിനക്കൊരുപോലെയല്ലേ?
കണ്ണൊന്നു ടെസ്റ്റ് ചെയ്യണേ, കരളും

എന്നെ തിരിച്ചെടുക്കുമോ
നിന്റെ കൂടെ ജീവിച്ചു മതിയായില്ല
എന്നു പറയുമ്പോഴേയ്ക്കും
നേരം പുലരും
എവിടെപ്പോയൊഴുക്കും ഈ ബാധയെ
എന്നോര്‍ക്കും
ഏഴു കടലും മതിയാവില്ലെന്ന്
കുടത്തില്‍ നിന്നപ്പോള്‍ ചിരി ഉയരും


ടി പി അനില്‍ കുമാര്‍

4 comments:

ഇസ്മയില്‍ said...

ബ്ലോഗില്‍ മുങ്ങിത്തപ്പാന്‍ തുടങ്ങിയിട്ട് അധികമായില്ല, സന്തോഷം കണ്ണില്‍ തടഞ്ഞ മുത്തുകളാണ് അനിലിന്റെ കവിതകള്‍

നഗ്നന്‍ said...

ഇതു വായിച്ച്
രണ്ട് വാക്കെഴുതാൻ തോന്നാത്ത മൈരന്മാരെയെല്ലാം
പഞ്ചാരയിട്ടു കത്തിയ്ക്കണം.

വല്ലാത്തൊരനുഭവമായിരുന്നു.

എം.കെ.നംബിയാര്‍(mk nambiear) said...

നന്നായിരിക്കുന്നു
ആശംസകളോടെ
എംകെനംബിയാർ

ഹബ്രൂഷ് said...

nice... thanks anilettaa