Sunday, 28 March 2010

മണലില്‍ ഒരു വര /നസീര്‍ കടിക്കാട്

മരുഭൂമി
ആകാശം തൊടാനോടുമ്പോള്‍
കാറ്റ് വിരിച്ചിട്ട
മണലിന്റെ വെളുപ്പില്‍
ആ പഴയവീട്
മണ്ണ് മെഴുകിയ
ഓല മേഞ്ഞ
അറമുറിയും
മരക്കോവണിയും
കയ്യാലയും തൊഴുത്തുമുള്ള
തറവാട്ട് വീട്

പടിഞ്ഞാറെ കോലായില്‍
അതുപോലെത്തന്നെ,
ഒന്നും സംഭവിക്കാത്ത മട്ടില്‍
മുറുക്കാന്‍ പാത്രവും
വല്യുമ്മയും.
പേരമരത്തിനും
വേലിക്കുമിടയിലൂടെ
കത്യുമ്മായിയുടെ വീട്
വറ്റാത്ത തെളിനീരുമായി
മറ കെട്ടാത്ത കിണര്‍
കിണറ്റുവക്കത്തെ നാട്ടുചെടികളില്‍
തുമ്പികളുടെ കിസ്സപറച്ചില്‍

വല്യുമ്മയെ തിരഞ്ഞ്
പാതിതുന്നിയ പെണ്‍കുപ്പായത്തിന്റെ
നൂലിഴക്കൊത്തുമായി
കത്യുമ്മായി നടന്നുവരുന്നുണ്ട്
വഴിക്ക്
മരങ്ങളോടും
കാക്കയോടും പൂച്ചയോടും
കഥകളുടെ നൂലഴിക്കുന്നുണ്ട്

മരുഭൂമിയില്‍ കാറ്റമരുമ്പോള്‍
മണലില്‍
മായാതെ
കത്യുമ്മായി തുന്നിത്തീര്‍ത്ത
നിസ്കാരക്കുപ്പായവും
മക്കനയുമിട്ട്
വല്യുമ്മയതാ
സുജൂദിലിരിക്കുന്നു.
നസീര്‍ കടിക്കാടിന്റെ ബ്ലോഗ്>> സംക്രമണം>> നസീര്‍