Sunday 28 March, 2010

പാര്‍ക്ക് /നസീര്‍ കടിക്കാട്

നഗരത്തിലെ പാര്‍ക്കില്‍ വെച്ചാണ്
നട്ടുപിടിപ്പിച്ച മരങ്ങള്‍ക്കും 
ചെടികള്‍ക്കും
മരക്കുതിരകള്‍ക്കും 
ഊഞ്ഞാലിനുമിടയില്‍
വിരിച്ചിട്ട പുല്ലില്‍ തൊട്ട്
അമ്മ മോളോട് പറഞ്ഞത്:
മോളേ പച്ചനിറമാണിത്
പുല്ലിന്റെ പച്ച
പട്ടുടുപ്പിലെ പച്ച.

തൊട്ടടുത്തിരുന്ന വയസ്സന്‍
കുഞ്ഞുടുപ്പിലേക്കും
പച്ചപ്പുല്ലിലേക്കും മാറിമാറി നോക്കി
മനം മടുത്തിട്ടാവണം
എഴുന്നേറ്റ് നടന്നത്

മോള് കരച്ചിലായി
പുല്ലിലടിച്ചും ചവുട്ടിയും
വാശിപിടിച്ചു
ഇതല്ല പച്ചയെന്ന്
നിര്‍ത്താത്ത കരച്ചില്‍.
അപ്പുറമിപ്പുറമിരുന്നവര്‍
പച്ച തിരഞ്ഞിട്ടെന്നോണം
എത്തി നോക്കാന്‍ തുടങ്ങി
വയസ്സന്‍ പാര്‍ക്കില്‍ നിന്നിറങ്ങി
ഒഴുകിപ്പോയിരുന്നു

മോളേ,അതാ പച്ച
അമ്മ ചെടികളിലേക്കും
മരച്ചില്ലയിലേക്കും
മേഘങ്ങളിലേക്ക് പറന്ന
തത്തച്ചിറകിലേക്കും
വിരല്‍ നീട്ടിത്തൊട്ടു
ഇതൊന്നും പച്ചയല്ലെന്നവള്‍,
പച്ചയെവിടേയെന്നവള്‍
പട്ടുടുപ്പിലെ പച്ചയും
വലിച്ചുകീറി

അമ്മയ്ക്കും സംശയമായി
ഇതായിരിക്കില്ലേ പച്ച?

മാറിയിരുന്ന് 
സിഗരറ്റ് വലിച്ചുകൊണ്ടിരുന്ന
മോളുടെ അച്ഛന്‍
പുല്ലില്‍ കിടന്ന്
പുക വട്ടത്തിലാക്കി
ചെടികള്‍ക്കിടയിലൂടെ
മരങ്ങള്‍ക്കിടയിലൂടെ
തത്തച്ചിറകിനൊപ്പം
പറത്തിവിട്ടു കൊണ്ടിരുന്നു
നസീര്‍ കടിക്കാടിന്റെ ബ്ലോഗ്>> സംക്രമണം>> നസീര്‍

No comments: