ആഴിത്തറയില്‍
കടല്‍പ്പൂവുകള്‍
വിസര്‍ജ്ജ്യം കൊണ്ട്
ചെയ്യുന്നതാണ്
ഈ വെളുത്ത പ്രതലത്തില്‍
വളഞ്ഞ വരകള്‍ കൊണ്ട്
ഞാനും ചെയ്യുന്നത്
വിചിത്രമായ ആകൃതികളിലുള്ള
പവിഴപ്പുറ്റുകളെ നോക്കി
വിസ്മയം കൊള്ളുമ്പോലെ തന്നെയാണ്
ഗുഹാഭിത്തികളിലെ
പ്രാചീന ലിഖിതങ്ങള്‍ക്ക് മുന്നില്‍
ഞാന്‍ മിഴിച്ചുനിന്നിട്ടുള്ളതും
അവശിഷ്ടങ്ങളില്‍
അടയിരിക്കാനുള്ള കൊതികൊണ്ടാണോ
എന്നറിയില്ല,
മണലില്‍ കുഴിയാനകള്‍
പൃഷ്ടംകൊണ്ടുവരക്കുന്ന
ഭൂപടങ്ങളില്‍
ഞാനെന്നെ ഈര്‍ക്കില്‍ കൊണ്ട്
സനല്‍ എന്ന്
അടയാളപ്പെടുത്തിയിരുന്നു
കൗമാരത്തില്‍
അള്ളിപ്പിടിച്ചുകയറിയ
ഉയരംകൂടിയ പാറകളുടെ ശിരസിലൊക്കെ
സനല്‍...സനല്‍ എന്ന് ആഴത്തില്‍,
പൊള്ളുന്ന വെയില്‍ കൊണ്ട്
കൊത്തിവച്ചിരുന്നു
കാലാന്തരത്തില്‍
പാറകള്‍ ഭൂകമ്പങ്ങളെ
അതിജീവിച്ചാല്‍
സനല്‍ എന്നത് ഒരുമരത്തിന്റേയോ
മൃഗത്തിന്റേയോ പേരായിരുന്നു എന്ന്
വ്യാഖ്യാനിക്കപ്പെട്ടേക്കാം
അതുമല്ലെങ്കില്‍ ശരീരത്തില്‍
മൂന്നുഖണ്ഡങ്ങളുള്ള
ഒരു വിചിത്രജീവിയുടെ
ചിത്രമാണതെന്ന് അനുമാനിച്ചേക്കാം
സനാതനന്‍
No comments:
Post a Comment