Showing posts with label ഉമ്പാച്ചി. Show all posts
Showing posts with label ഉമ്പാച്ചി. Show all posts

Wednesday, 3 June 2009

റൂഹ് /ഉമ്പാച്ചി















(ഉമ്മയെ പറ്റി അസ്റാഈല്‍ പറഞ്ഞത്)
ഒറ്റ വലിക്കു
നിറുത്താനാവില്ല
അവളുടെ നടത്തം.
പുലര്‍ച്ചയ്ക്ക്
സുജൂദിനു കുനിയുന്നേരം
മൂക്കുകുത്തിയാണു വീഴുക.

വെളുപ്പിനു
അകിടിന്റെ ചുവട്ടില്‍
പാലിന്റെ വെളുപ്പാകും
ചിന്തിപ്പോകുന്നത്.

അടുക്കളയില്‍
ചിരാപ്പൂവിലോ
തീക്കൊള്ളിയിലോ
ചെന്നു വീണെന്നു വരും.

മീന്‍ കൂവലിനുള്ള
പാച്ചിലിനിടയില്‍
ചെരിപ്പിന്റെ വാറാകും
പൊട്ടിപ്പോകുന്നത്.

ഉമ്മറത്ത്
മുറത്തില്‍ നിന്ന്
തൂവിപ്പോകുന്നത്
മല്ലിയും മഞ്ഞളുമായിരിക്കും.

ഇത്ര കാലമായിട്ടും
എനിക്കൊതുക്കാനാവുന്നില്ല
ഒരു പിടിത്തത്തില്‍
ഇതൊന്നു പറയാന്‍.
നിന്നു തരുന്നില്ല;
ഒഴിഞ്ഞു കിട്ടുന്നുമില്ല.
ഉമ്പാച്ചി

Tuesday, 2 June 2009

ചൂട് /ഉമ്പാച്ചി

അച്ചാച്ചന്‍ നട്ട മാവ്
വീട്ടു മുറ്റത്ത്
പുഞ്ചിരിക്കുമായിരുന്നു.
മുറിച്ചു കളയാന്‍ വച്ചതിന്‍റെ
തലേന്ന്
അതിന്‍റെ പേടിച്ചുള്ള നിലവിളി
വീട്ടിലെല്ലാവരും കേട്ടതാണ് .

നിനക്കതു പറഞ്ഞാല്‍ മനസ്സിലാവില്ല

അച്ചാച്ചന്‍ ഓടിച്ചിരുന്ന
സൈക്കിള്‍
ഓരോ രാത്രിയും
വിറകുപുരയുടെ
ചരിവില്‍
നിന്നുറങ്ങി
രാവിലേ അതിനെ തട്ടിയുണര്‍ത്തണമായിരുന്നു.

അച്ചാച്ചന്‍ പണിയിച്ച
ഓടിട്ട വീട്ടില്‍
മഴയും മഞ്ഞും
വന്നു താമസിച്ചിരുന്നു.
അലക്കാനിട്ട മുണ്ടും ബനിയനും
കുളത്തിലേക്കെടുക്കുമ്പോള്‍
വല്ലാതെ ഏങ്ങലടിച്ചിരുന്നു.

നിനക്കിതും മനസ്സിലാവില്ല

അച്ചാച്ചന്‍റെ കണ്ണടക്കപ്പുറം
കണ്ണൊരുപാട് ആഴത്തിലായിരുന്നു
കണ്ണടയുവോളം
കണ്ട ദൂരമൊന്നാകെ
അതില്‍ നിഴലിച്ചിരുന്നു

ഒന്ന് നിനക്കു മനസ്സിലാകും

അച്ചാച്ചന്‍ മരിച്ചു പോയ ദിവസം മുതല്‍
മാവും
സൈക്കിളും
വീടും
കണ്ണടയും
കാണാതായി

ഇത്രയും
ഒറ്റ ശ്വാസത്തില്‍ പറഞ്ഞിട്ട്
കണാരേട്ടന്‍
കീശയിലുണ്ടായിരുന്ന
പെന്‍ സിലെടുത്ത്
ചെവിയിലിട്ട് തിരിച്ചു
പിന്നെ പറഞ്ഞു : ‘എല്ലാറും കള്ളന്‍മാരാ...’

O നാട്ടുഭാഷയില്‍ ചൂട്, പിരാന്ത്, വട്ട് ...എല്ലാം ഭ്രാന്തിനു പര്യായം

ഉമ്പാച്ചി

തിരുവള്ളൂര്‌ /ഉമ്പാച്ചി

വടകരക്ക്
ഇപ്പോള്‍ ബസ്സുണ്ടോ
ആയഞ്ചേരിക്കുള്ള
ഗ്രീന്‍ സ്റ്റാര്‍ പോയോന്ന്
റോട്ടിലിറങ്ങി
നില്പുണ്ട് പീടികകള്‍

റോഡ്കിംഗ് രാവിലെയും
വീണ വൈകുന്നേരവും
പലവട്ടം പോയും വന്നും കഴിഞ്ഞു

അതിനിടെ
ഞങ്ങള്‍
സ്കൂളില്‍ പോയി
തെക്കു വടക്കു നടന്നു
ബാക്കിയുള്ളവര്‍
കുരുത്തക്കേടു പാസായി
പാസ്പൊട്ടെടുത്തു
ഗള്‍ഫില്‍ പോയി
പണക്കാരായി
തിരിച്ചെത്തി

മുഹമ്മദിന്‍റെ തുണിപ്പീടിക
ഫാഷന്‍ സ്പോട്ടായി
മൊയ്തീന്‍റെ അന്നാദിക്കട
സൂപ്പര്‍ മാര്‍ക്കറ്റായി

മുനീരിന്‍റെ
ചെരിപ്പു പീടിക
മാത്രമുണ്ട്
പടിക്കു പുറത്തുവച്ച
ചെരിപ്പു പോലെ
ആരും
തട്ടീവീഴ്ത്താതെ

ലത്തീഫിന്‍റെ
തുന്നല്‍ പ്പീടികയുമുണ്ട്
കൂട്ടിന്
ഓരോ
പെരുന്നാളിനും
ഉടുപ്പിടുവിച്ചു കൊണ്ട്,
-അവന്‍റെ
അളവു ബുക്കിലൂടെയാണ്
പെങ്ങളു പോലും
വളര്‍ന്നതും വയസ്സറിയിച്ചതും.

ഇപ്പോഴും
നിരത്തിലിറങ്ങി
അടുത്ത ബസ്സിന്
പൊയാലോ എന്നു നില്‍പ്പാണ്
അങ്ങാടി,

അടിപിടിയുണ്ടാക്കിയും
തീവച്ചും
നോക്കിയതാണ്
എന്നിട്ടും
എങ്ങും
പോയിട്ടില്ല ഇതു വരെ.

ഉമ്പാച്ചി

പുതിയ കളിക്കാരന്‍ /ഉമ്പാച്ചി

ഒരുത്തിയെ
പിറകിലിരുത്തീട്ട്
ഒരുത്തന്‍
റോഡിന്‍റെ
ഒത്ത നടുവിലൂടെ
പറപ്പിച്ചു പോയി

ഷട്ടര്‍ പൊക്കി
ഉള്ളിച്ചാക്കും
ഉപ്പുപെട്ടിയും
പുറത്തേക്കിറക്കുന്നതിനും

തല പോയി
മുലകള്‍ സ്ഥാനക്കയറ്റം നേടിയ
ബൊമ്മകള്‍ക്ക്
ചുരിദാറു ചുറ്റുന്നതിനും

എവിടെ നിന്നെന്നില്ലാതെ
ഓട്ടോറിക്ഷകള്‍
ഓരോന്നായി വന്ന്
വരി ചേരുന്നതിനുമിടയില്‍

അങ്ങാടി
മൊത്തം
അടക്കം പറഞ്ഞു
പുതിയ കളിക്കാരനാല്ലേ..
പടച്ചോന്‍..കാത്തു..

ഉച്ചയൂണിന്
വീട്ടില്‍ പോയി
മടങ്ങുന്ന
അറബി മാഷിന്‍റെ
തോളില്‍
ജമാഅത്തെ ഇസ്ലാമിയുടെ
ജില്ലാ സമ്മേളനത്തിന്‍റെ
ഫ്ലക്സ് ബോഡിലിരുന്ന
ഒരു കാക്ക തീട്ടമിട്ടുകൊടുത്തു

കക്ക തൂറുന്നതല്ല
തൂറിക്കഴിഞ്ഞിട്ട്
അതിന്‍റെ ഒരു നോട്ടമുണ്ട്
ഉദ്ദിഷ്ട സ്ഥാനത്ത്
എത്തിയോ എന്നറിയാനായിട്ട്
എന്നൊരഭിപ്രായത്തില്‍
ഉച്ചനേരം പോയി
വൈകുന്നേരം വന്നു

കട
തുറക്കുന്നേരം
ബൈക്കു പോയതിന്‍റെ
എതിര്‍ ദിശയിലേക്ക്
അങ്ങാടി
ഉറങ്ങാന്‍ പോകുന്നേരം
ഒരാമ്പുലന്‍സ്
പോയി

അങ്ങാടി പിറ്റേന്നും
ഓരോന്ന്
അടക്കം പറഞ്ഞു

പിറകിലിരുന്ന
പെണ്‍കുട്ടിയെപ്പറ്റി
ഒന്നും പറഞ്ഞു കേള്‍ക്കുന്നില്ല
മരിച്ച വീട്ടിലായാലും
ആശുപത്രിയിലായാലും
അവളിനി ഒറ്റയാണ്

ഉമ്പാച്ചി

വെട്ടി ഒട്ടിച്ചത് /ഉമ്പാച്ചി

കാടിനെ
മുഴുവന്‍ വിളിച്ചിരുന്നു
ഒരു പാമ്പു മാത്രം
കനിവോടെ
ഇഴഞ്ഞു വന്നു

കടലില്‍ നിന്നും
വന്ന
ഒറ്റത്തിര
ചില്ലു ഭരണിയില്‍
ക്ഷോഭങ്ങളില്ലാതെ
ഇരിക്കുന്നു

പുഴയില്‍ നിന്ന്
മണലിന്‍റെ വേവ് വന്നു

പാടത്തു നിന്ന്
മീന്‍ കണ്ണിനെ
ധ്യാനിച്ചുള്ള
കൊറ്റിയുടെ മൌനവും
പുലരി മഞ്ഞിനെ
നെല്ലോല
അലക്കുന്ന പാട്ടും

ആകാശം
അയച്ചുതന്ന
രശ്മികളിലൊന്ന്
ഈര്‍പ്പത്തില്‍
കുടുങ്ങി
ഏഴു നിറങ്ങളായി
ചീന്തി

അപ്പോള്‍
പെങ്ങള്‍
വറ്റുമായി വന്ന്
ഒതുങ്ങിയിരുന്ന്
ഓരോന്ന്
ഓരോ പേജില്‍
എന്ന്
ഒട്ടിച്ചുവെക്കാന്‍ തുടങ്ങി
ഉമ്പാച്ചി