Friday, 29 May 2009

കര്‍ക്കടം /പ്രമോദ്.കെ.എം

വീട്ടിലേക്ക് ഫോണ്‍ ചെയ്തപ്പോള്‍
ഒച്ചയുണ്ടാക്കുന്നു
മറന്നുപോയ ചിലര്‍.

പറമ്പില്‍ അവിടെയും ഇവിടെയുമിരുന്ന്
കുഞ്ഞിത്തവളകള്‍ കരയും
‘കഞ്ഞി താമ്മേ
കഞ്ഞി താമ്മേ..’
അപ്പോള്‍
വീടിന്റെ മൂലകളില്‍ നിന്നും
മണാട്ടിത്തവളകള്‍ ആശ്വസിപ്പിക്കും
‘തെരാം മക്കളേ
തെരാം മക്കളേ..’
ചളിക്കണ്ടത്തില്‍ നിന്നും
പേക്രോം തവളകള്‍ പറയും
‘കൊടുത്തേക്കറോ
കൊടുത്തേക്കറോ’
അന്നേരം
തല കത്തുമ്പോലൊരു
മിന്നലിനു ശേഷം
‘എവിട്ന്നെട്ത്ത് കൊട്ക്കും
എഭിഠ്ന്നെഠ്ത്ത് ഖൊഠ്ക്ക്ഘും’
എന്നു ചോദിക്കും
ആകാശത്തു നിന്നും
ഒരു കാലമാടന്‍.
----------------------------------
സമര്‍പ്പണം: തവളകളുടെ വര്‍ത്താനം വിവര്‍ത്തനം ചെയ്തു തന്ന അമ്മമ്മക്ക്.

പ്രമോദ്.കെ.എം

No comments: