ഒന്ന് രണ്ട് മൂന്ന് നാ-
നീര്‍ക്കോലി മുങ്ങി
പൊങ്ങുന്നതെവിടെ?
ആറ് ഏഴ്
കുമിള… കുമിള…
ഒമ്പത്
ആമ ഒരു ഉഭയജീവിയാണ്
പത്തൊമ്പത്
(ഉഭയജീവി എന്ന പദമോര്‍ക്കാന്‍
പത്തു നിമിഷം വേണം)
പരല്
കണ്ണന്‍ മീന്‍
വഴുക്കല്‍, പച്ചപ്പായല്‍
കുമിള… കുമിള…
മുപ്പത്തിരണ്ട് (കുമിളകള്‍)
ഫ്‌പ്‌തും!
കൂപ്പീന്നുള്ള ചാട്ടം
(എണ്ണം തെറ്റിക്കുന്നതാണ്)
മുപ്പത്തിമൂന്ന്
കറുത്ത ബ്രേസിയര്‍ വള്ളികളും
ഇടിഞ്ഞ മുലകളും
അനശ്വരതയിലേയ്ക്ക്
കൂപ്പുകുത്തുന്നു
(കൂപ്പടി പില്‍ക്കാലത്ത്
സിദ്ധാന്തീകരിക്കപ്പെട്ടവിധം)
മീശ കുരുത്തതിന്റെ
മുപ്പത്താറ് എണ്ണക്കം
69
കുമിള… കുമിള…
എഴുപത്
പൊന്മാന്‍ മുങ്ങിപ്പൊങ്ങി
എഴുപത്തിയൊന്ന്
അക്കരെയുള്ള പാറ
അക്കരെനിന്ന് മാത്രം കാണുന്ന
തീണ്ടാരിക്കടവ്
എഴുപത്തൊമ്പത് (കോരിത്തരിപ്പോടെ)
കുളം
പച്ചവെള്ളം
നീര്‍ക്കോലി, ലൈഫ്ബോയ്
തോര്‍ത്തുമുണ്ടില്‍ കുടുക്കിയ
നീര്‍പ്പൊള്ള
എണ്‍പത്തിമൂന്ന്
ഒറ്റപ്പെട്ടൊരു പരല്‍മീന്‍
വെള്ളം, സര്‍വ്വത്ര വെള്ളം
എണ്‍പത്തിയൊ…
കുട്ടാ എന്തായിത്?
ഹോ! തൊണ്ണൂറ്
തൊണ്ണൂറ്റി രണ്ട്
വിട്ടുവിട്ട് എണ്ണിയില്ലെങ്കില്‍
നൂറ് തികച്ചില്ലെങ്കില്‍
അവന്‍ പൊങ്ങിവന്നില്ലെങ്കിലോ?
രാജ് നീട്ടിയത്ത്
1 comment:
ആരും ഒരു നിമിഷം ശ്വാസം പിടിച്ചുപോകും.
വണ്ടർഫുൾ വൺ...
Post a Comment