Thursday, 28 May 2009

വിട്ടിലുകളുടെ വൃഷണം /സനാതനന്‍

ഓന്തിന്റെ ഹൃദയം
ഒരു പ്രയോഗവിഷയമായിരുന്നു
ബിരുദ പഠനത്തിന്.
സുവോളജി ലാബിലെ
ഫോര്‍മാലിന്‍ സുഷുപ്തിയില്‍ മുഴുകിയ
ഓന്തിന്‍ നെഞ്ചുകള്‍
കൃത്യതയോടെ വെട്ടി
വെളിച്ചത്ത് കൊണ്ടുവരണം
അറകളുള്ള ചോരക്കുമിളയെ.
ഹൃദയം ഓന്തിന്റേതായാലും
മുറിച്ചാ*ല്‍ ജീവനുണ്ടാകില്ല
നമ്മള്‍ മനുഷ്യരെപ്പോലെ തന്നെ !

തവളകളുടെ തലച്ചോറായിരുന്നു
മറ്റൊരു വിഷയം
കരയിലും വെള്ളത്തിലും
ഒരുപോലെ പെരുമാറുന്ന
അത്ഭുത പ്രതിഭാസം
ഫോര്‍മാലിനില്‍ മുക്കി
കുരിശില്‍ തറച്ചിട്ടാണ്
തലവെട്ടി പിളര്‍ത്തുന്നതെങ്കിലും
ഇടയ്ക്കെപ്പൊഴെങ്കിലും
ഒന്നുണര്‍ന്ന് കരഞ്ഞേക്കും
മരണത്തിലും ജീവിതത്തിലും
ഒരുപോലെ പെരുമാറാന്‍
അവയ്ക്കും കഴിയാറില്ല
നമ്മള്‍ മനുഷ്യരെപ്പോലെ തന്നെ!

വിട്ടിലുകളുടെ വൃഷണമായിരുന്നു
മുറിച്ചുപഠിക്കാനുള്ളതില്‍
ഏറ്റവും ലളിതമായിരുന്നത്.
ഫോര്‍മാലിന്‍ മണപ്പിക്കണ്ട,
കുരിശില്‍ തറയ്ക്കണ്ട,
ഒരു കത്രികയെടുത്ത്
വെറുതേ മുറിച്ചെടുക്കാം,
ഉദരത്തിനു താഴെ.
വൃഷണം മുറിച്ചാലും
ജീവനുണ്ടാകും അവയ്ക്ക്.
ചിറകുകളും കാലുകളും
കണ്ണുകളും കൊമ്പുകളും
വായയും നെഞ്ചും
മാത്രമേയുള്ളെങ്കിലും
ഒരു പൂര്‍ണ്ണനായ വിട്ടിലെന്ന്
തോന്നിക്കുമാറ്, തുള്ളിക്കളിച്ച്,
സുവോളജി ലാബിന്റെ
ജനാലകടന്ന്, പൂത്തുനില്‍ക്കുന്ന
വാകമരത്തിന്റെ ചില്ലയിലേക്ക്
പറന്നുപോയിരുന്നു അവ.
നമ്മള്‍ മനുഷ്യരെപ്പോലെ തന്നെ !


*വിട്ടില്‍

സനാതനന്‍

No comments: