ദൈവം നേര്‍ രേഖയില്‍ വന്ന
ആദ്യത്തെ ദിവസം
വേരുകളും ഇലകളും
മറന്നു പോയ മരത്തിന്
മുന്നില്‍ വസന്തം
വഴിതെറ്റിയ മഴക്കാര്‍
കൂട്ടുകാരോട് പറയുന്ന
പരിഭവത്തിന്റെ നേര്‍ത്ത ഒച്ച
ജലത്തിനു മാത്രം കേള്‍ക്കാവുന്ന
ദേവതയുടെ ശബ്ദം
പുല്ലുകള്‍ പൂമുഖത്ത്
വാഴുന്ന പൂന്തോപ്പ്
ചാണകം മെഴുകിയ തറയുള്ള
വെളിച്ചമില്ലാത്ത വീട്
ശലഭങ്ങള്‍ മഴയത്ത് തുള്ളുന്ന
നിമിഷങ്ങളുടെ കൂമ്പാരം
മിന്നാമിനുങ്ങുകളുടെയും
ഈയ്യാമ്പാറ്റകളുടെയും
ചിറകുകള്‍ ചേര്‍ന്നുണ്ടായ
കളിവീട്
ഒട്ടകങ്ങള്‍ കാറ്റ് കൊള്ളുന്ന കടല്‍ക്കര
മീന്‍ കുഞ്ഞുങ്ങള്‍
മറന്ന് വച്ച് പോയ
മണലിനിടയിലെ മുത്തുച്ചിപ്പി
ആകാശത്ത് നിന്ന്
ഭൂമിയിലേക്ക് നോക്കുന്ന
ഈന്തപ്പനകളുടെ
പ്രാത്ഥിക്കുന്ന കയ്യുകള്‍
ഉറുമ്പുകള്‍
കൈക്കൊട്ടിപ്പാടുന്ന
ആനക്കൊട്ടിലിലെ
കല്ല്യാണരാത്രി
പ്രാവുകള്‍
പെറുക്കിക്കൊണ്ടു വന്ന
ചുള്ളികള്‍ കൊണ്ട്
മാത്രം വേവിച്ച
ഒരു നുള്ള് അവില്‍
കയ്യക്ഷരങ്ങളുടെ കത്തിലെ
വീണ്ടും വീണ്ടും വായിക്കുന്ന
വാക്കുകളുടെ സമാഹാരം
ദൈവത്തിന്
പിടികിട്ടാതിരുന്ന
നിമിഷത്തിന്റെ മറുഭാഷ
എന്താവാം
മോള്‍ക്ക് തുരുതുരാ
ഉമ്മ കൊടുത്തു
പരിഭ്രമത്താല്‍
അവള്‍ കരഞ്ഞു
എനിക്കുമൊന്നും
മനസ്സിലായില്ലെന്ന് മോളോട്
ദൈവം പറയുന്നതിന്റെ
ശബ്ദം ഞാന്‍ കേട്ടു
കുഴൂര്‍ വില്‍സണ്‍
No comments:
Post a Comment