ഈ നടപ്പാതയിലെ സായാഹ്നങ്ങള്‍
പൂമരച്ചില്ലകളുടേതാണ്.
കാമുകിയുടെ ശിരസ്സില്‍ നിന്നെന്നോണം
കൊഴിഞ്ഞു വീണ പൂക്കള്‍
സുഗന്ധം വമിക്കുന്ന മരണത്തിലൂടെ
നമ്മുടെ ഓരോ ചുവടിനും
ശുഭയാത്ര നേരുന്നു.
കാറ്റിനോ,
ജീവിതത്തിന്റെ രൂക്ഷഗന്ധം.
അത് നിര്‍ദ്ദാക്ഷിണ്യം
മരണത്തെ
മറവിയിലേക്ക് തൂത്തെറിയുന്നു.
നടപ്പാത.
നിശ്ചലമായ ഒരു പുഴ.
അതിന്റെ പ്രതലത്തില്‍
പേരറിയാത്ത രണ്ട് തവിട്ടു പൂക്കള്‍.
നമ്മള്‍.
ചലിക്കുന്നത് പുഴയല്ല,
പൂക്കള്‍ മാത്രം.
ഒഴുക്കില്ലാത്ത ജലത്തിലൂടെയുള്ള
വിചിത്രമായ ഈ ഒഴുക്ക്
നമ്മളെ നമ്മളിലേക്ക് മാത്രം ചുരുക്കുന്നു.
നമ്മുടെ കാഴ്ച
അതിന്റെ പരിധിയെ ചുരുക്കിച്ചുരുക്കി
ഈ നടപ്പാതയെ
അനന്തമാക്കി മാറ്റുന്നു.
ഹരികൃഷ്ണന്റെ ബ്ലോഗ് >> അരൂപി >> പരാജിതന്‍
No comments:
Post a Comment