Sunday, 28 March 2010

കടല്‍ കടന്ന്‌ / നസീര്‍ കടിക്കാട്


1

മീന്‍കാരനിസ്മായില്‍ 
മീനുകളോട്‌ സംസാരിച്ചത്‌ 
ഉപ്പ്‌ കല്ലിച്ച ഭാഷ 
തിരയില്‍ കാലുകളാട്ടി
മീനുകള്‍ കേട്ടിരിക്കും.

ചെറുചാളകളോട്‌ വല്യുപ്പയായും 
സ്രാവുകളോട്‌ പള്ളിയിമാമായും 
ചെമ്മീനിനോടും,ഞണ്ടിനോടും 
ഓത്തുപള്ളി മുസ്ള്യാരായും 
മാറിമാറി സംസാരിക്കുന്നവന്‌ 
തിമിംഗലത്തിന്‌റെ ഭാഷ അറിയുമോ,ആവോ?

തീരത്ത്‌ 
തിമിംഗലം ചത്തടിഞ്ഞ ദിവസം
ഇസ്മായില്‍ ഭാഷ മറന്നു.

2

മീനുകള്‍ വാവിട്ടു കരഞ്ഞിട്ടാവണം,
ഇസ്മായിലേ ഇസ്മായിലേയെന്ന്‌ 
നീട്ടിവിളിച്ചിട്ടാവണം
തിരയേറ്റം കൂടിയത്‌.
കര പിന്നെയും കടലെടുത്തത്‌ 
കമഴ്ന്നുകിടന്ന വഞ്ചിയും,
നാലഞ്ച്‌ തെങ്ങുകളും 
തിര കൊണ്ടുപോയത്‌ 
ഉണക്കാനിട്ട വലക്കണ്ണികള്‍ 
കടലിനക്കരെ നോക്കി
ഉണ്ണാതുറങ്ങാതെ കാത്തിരിപ്പായത്‌...

കടല്‍ കടന്ന്‌ ഇസ്മായില്‍ 
ഒട്ടകങ്ങളോട്‌ കൂട്ടുകൂടിയപ്പോള്‍ 
മീനുകളുടെ ഭാഷ മറന്നോ,ആവോ?

3

മീന്‍കാരനിസ്മായില്‍ 
ഒട്ടകങ്ങളോട്‌ സംസാരിച്ചത്‌ 
കാറ്റുപിടിച്ച കല്ലുപ്പിന്‌റെ ഭാഷ 
മണലില്‍ ജലം തട്ടിത്തെറുപ്പിച്ച്‌
ഒട്ടകങ്ങള്‍ കഥകള്‍ കേട്ടുനടക്കും.
ഉമ്മായെന്ന് 
ബാപ്പായെന്ന് 
പൊന്നുറംലത്തേയെന്ന് 
പുന്നാരമക്കളേയെന്ന് 
ഓരോ വിളിക്കും മറുവിളിയാകും 
ഒട്ടകക്കൂട്ടത്തിലൊരാള്‍.
അരുകിലെത്തി
ഉമ്മവെച്ചുമ്മവെച്ച്‌...

ഇസ്മായില്‍ 
ഒട്ടകങ്ങളോട്‌ പറഞ്ഞുപറഞ്ഞ്‌ 
കടലിന്‌റെ ഭാഷ മറന്നോ,ആവോ?

മണലില്‍ വരച്ചിട്ട മീന്‍മുള്ളുകള്‍ 
തിരകൊത്തി പോകുമ്പോള്‍ 
മീനുകള്‍ നീട്ടി വിളിക്കുന്നുണ്ട്‌,
ഇസ്മായിലേ ഇസ്മായിലേ...
മീനുകള്‍ക്കും വേണ്ടേ 
സംസാരിച്ചിരിക്കാന്‍
ആരെങ്കിലും.

...........................................................................
അയലാ ചാളായെന്ന് നീട്ടികൂക്കി വിളിച്ച്‌ വരാറുള്ള മീന്‍കാരന്‍ ഇസ്മായില്‍ കടല്‍ കടന്ന് ഗള്‍ഫിലേക്കു പോയി.മരുഭൂമിയില്‍ ഒട്ടകങ്ങളുടെ ഇടയനായി.മരുഭൂമിയെ കടലെന്നും,ഒട്ടകങ്ങളെ മീനുകളെന്നും വിളിച്ച്‌ ഏകാന്തമായ അനേകവര്‍ഷങ്ങള്‍...തിരിച്ചെത്തി വിണ്ടും മീന്‍കാരന്‍ ഇസ്മായിലായി.
നസീര്‍ കടിക്കാടിന്റെ ബ്ലോഗ്>> സംക്രമണം>> നസീര്‍

No comments: