കാടിനെ
മുഴുവന്‍ വിളിച്ചിരുന്നു
ഒരു പാമ്പു മാത്രം
കനിവോടെ
ഇഴഞ്ഞു വന്നു
കടലില്‍ നിന്നും
വന്ന
ഒറ്റത്തിര
ചില്ലു ഭരണിയില്‍
ക്ഷോഭങ്ങളില്ലാതെ
ഇരിക്കുന്നു
പുഴയില്‍ നിന്ന്
മണലിന്‍റെ വേവ് വന്നു
പാടത്തു നിന്ന്
മീന്‍ കണ്ണിനെ
ധ്യാനിച്ചുള്ള
കൊറ്റിയുടെ മൌനവും
പുലരി മഞ്ഞിനെ
നെല്ലോല
അലക്കുന്ന പാട്ടും
ആകാശം
അയച്ചുതന്ന
രശ്മികളിലൊന്ന്
ഈര്‍പ്പത്തില്‍
കുടുങ്ങി
ഏഴു നിറങ്ങളായി
ചീന്തി
അപ്പോള്‍
പെങ്ങള്‍
വറ്റുമായി വന്ന്
ഒതുങ്ങിയിരുന്ന്
ഓരോന്ന്
ഓരോ പേജില്‍
എന്ന്
ഒട്ടിച്ചുവെക്കാന്‍ തുടങ്ങി
ഉമ്പാച്ചി
No comments:
Post a Comment