Friday, 30 January 2009

ആസ്ത്‌മാലത

അവഗണനയുടേയോ
കുറ്റപ്പെടുത്തലിന്റെയോ
ഒരു കാറ്റു മതി;
അവള്‍ ശ്വാസം മുട്ടലിന്റെ
ഒരു വള്ളിച്ചെടിയാവും.

ഇലകളെ പിടപ്പിച്ചുകൊണ്ട്
വലിഞ്ഞും കുറുകിയും
അവളുടെ ഉടല്‍ എല്ലാ
ദയാപൂര്‍ണമായ നോട്ടങ്ങളേയും
ആവാഹിക്കും.

അവളോടല്ല,അവള്‍ വളര്‍ത്തിക്കൊണ്ടിരിക്കുന്ന
ഈ തീവള്ളിയോടാണ്
എനിക്കിപ്പോഴും ഭയവും ആദരവും
അതിന്റെ തീയിലകള്‍ തട്ടിയാണ്
ഈ വീടും ഞാനും പൊള്ളിക്കറുത്തത്.

ശ്വാസോച്ഛ്വാസത്തിനനുസരിച്ച്
അവളുടെ കാഴ്ച്ചവട്ടത്തിലുള്ളവ
വട്ടത്തിനകത്തേക്ക് മറിഞ്ഞും
പുറത്തേക്ക് മറിഞ്ഞും
അവളോട് കേണുകൊണ്ടിരിക്കും
അവള്‍ തളര്‍ന്നു വീഴും വരെ.

ഉണരുമ്പോള്‍,
അവളുണ്ടാക്കിയ കാറ്റില്‍ ചിതറിപ്പോയ
ചുമരുകളും മോന്തായവും ഒന്നിച്ചുകൂടി
ഇതു വീണ്ടും ഒരു വീടാവും.
അവള്‍ ചിരിക്കും,
ഒന്നും സംഭവിച്ചില്ലല്ലോ എന്ന്...

എപ്പോഴും ഞാന്‍ ചോദിക്കാന്‍ മറക്കും,
നീയെന്തിനാണ് ഈ ചെടിയെ
നിന്റെയുള്ളില്‍ നട്ടു വളര്‍ത്തുന്നതെന്ന്...

കവി:വിഷ്ണുപ്രസാദ്

1 comment:

. said...

താങ്കളുടെ ഭാവനയ്ക്ക്‌ ഉയർന്ന നിലവാരമുണ്ട്‌
എന്നാൽ അതിനോട്‌ നീതി പുലർത്താൻ ഭാഷയ്ക്ക്‌
കഴിയുന്നില്ലെന്നെനിയ്ക്ക്‌തോന്നി
.നിശാശലഭത്തിലെ കമന്റിൽ നിന്നാണ്‌ നിങ്ങളെ
പരിചയപ്പെട്ടത്‌ "ദീപസ്തംഭം മഹാശ്ചര്യം
എനിയ്ക്കും കിട്ടണം കമന്റ്‌ "എന്ന ബ്ലോഗ്ഗ്‌
ശൈലിയിൽ നിന്ന്‌ വ്യത്യസ്തമായ കമന്റാണ്‌
നിങ്ങളുടെ അടുത്തേയ്ക്ക്‌ വരാൻ കാരണം.ഇത്തരം
ആളുകൾ കൂടുതലുണ്ടായിരുന്നെങ്കിൽ പലരുടെയും
ബ്ലോഗ്ഗ്പനി എന്നേ തീർന്നേനെ.
അതുകൊണ്ട്‌ എന്റെ വീട്ടിലേയ്ക്കും വരിക
ഞാനുമിവിടെ പനിപിടിച്ച്‌ കിടപ്പാണ്‌
ഒന്നുമില്ലെങ്കിൽ എത്ര ഡിഗ്രി ചൂടുണ്ടെന്നെങ്കിലും
അറിയാമല്ലോ.