Friday, 29 May 2009

വഴുക്ക്/ടി.പി വിനോദ്

സംഭവിക്കുന്നതെന്തെന്ന്
അറിയാനിടതരാതെ
കാര്യങ്ങള്‍
ഒന്നില്‍നിന്നൊന്നിലേക്ക്
തെന്നിവീണുകൊണ്ടിരിക്കുന്നു.

ഞാന്‍ നിന്നെ നോക്കുമ്പോഴും
നീ എന്നെ നോക്കുമ്പോഴും
നോട്ടങ്ങള്‍
കാഴ്ചയുടെ വരമ്പില്‍ നിന്ന്
നമ്മുടേതല്ലാത്ത
വയലുകളിലേക്ക് വഴുക്കുന്നു.

പത്രത്തിലേക്ക്
നോക്കിയിരിക്കുമ്പോള്‍
വാര്‍ത്തയില്‍നിന്ന് വഴുതി
വായന
ചരിത്രത്തിനു പുറത്താവുന്നു.

കണ്ടുമുട്ടുന്നവര്‍
കുശലം ചോദിക്കുമ്പോള്‍
കുന്നായ്മയെക്കുറിച്ചുള്ള
കരുതലുകളിലേക്ക്
കേള്‍വിക്ക്
കാലുവഴുക്കുന്നു.

വാതിലടച്ച്
പുറത്തോട്ട് കാലുവെയ്ക്കുമ്പോള്‍
ഉള്ളില്‍നിന്നൊരു ഗ്രാമം
നഗര‍ത്തിലേക്ക്
മലര്‍ന്നടിക്കുന്നു.
വാതില്‍ തുറന്ന്
അകത്തോട്ട് കയറുമ്പോള്‍
നഗരം
ഗ്രാമത്തിലേക്ക്
വിരലൂന്നി നടക്കുന്നു.

നിന്നിടത്ത്
നില്‍ക്കാനാവാതെ
നിന്നിട്ടില്ലാത്തിടത്ത്
നിരങ്ങിയെത്താനുമാവാതെ
ജീവിതം
സമയത്തിനുമേലെ
വഴുവഴുക്കുന്നു.

ദൈവത്തിന്റെ മിനുസത്തില്‍
കാലുറക്കാതെ
സ്വര്‍ഗ്ഗം നരകത്തിലേക്കും
നരകം സ്വര്‍ഗ്ഗത്തിലേക്കും
തലതല്ലി വീഴുന്നു.

'വഴുക്ക്
ഒരു വിനിമയമാണ് ;
പ്രപഞ്ചത്തെക്കുറിച്ച്
വേഗത്തിന്റെ ചിഹ്നങ്ങളില്‍
ഭൂഗുരുത്വം തരുന്ന
അമ്പരപ്പിക്കുന്ന അര്‍ത്ഥങ്ങള്‍’
എന്ന ദര്‍ശനത്തിനു പോലും
ചിരിയിലേക്ക് വഴുതി
പല്ലുപോവുന്നു.

ടി.പി വിനോദ്

No comments: